Tuesday, April 5, 2011

"Shake hand"

 പടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായിരുന്നു  ഞാന്‍.  ക്ലാസ്സില്‍ എല്ലായ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഞാന്‍ തന്നെയായിരുന്നു.  അതില്‍ താഴെ ഒരിക്കലും എന്റെ റിസള്‍ട്ട്‌ വന്നിട്ടില്ല.  നന്നായി   പഠിക്കുന്ന കുട്ടിയായത് കൊണ്ട് തന്നെ യാതൊരു തരത്തിലുള്ള വിവേചനവും എനിക്ക് അദ്ധ്യാപകരില്‍ നിന്നും അനുഭവികേണ്ടി വന്നിട്ടില്ലായിരുന്നു.  കൂടാതെ എന്റെ മാതാ പിതാക്കളും പഠന കാര്യത്തില്‍ നന്നായി ശ്രദ്ധിച്ചിരുന്നു.

ഞാന്‍  ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.  പുതിയ സാര്‍ സ്കൂളില്‍ ജോയിന്‍ ചെയ്തു.  വറുഗീസ്‌ എന്നായിരുന്നു സാറിന്റെ പേര്.  കാണാന്‍ നല്ല സുമുഖന്‍ ആയിരുന്നു.  സാറിന്റെ പെരുമാറ്റവും ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്ന രീതികളും ഞങ്ങളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. സാര്‍ കൈകാര്യം ചെയ്തിരുന്ന വിഷയം സോഷ്യല്‍ സയന്‍സ് ആയിരുന്നു .സോഷ്യല്‍ സയന്‍സ് -നോട്‌ എനിക്ക് പ്രിയം തോന്നാനുള്ള സുപ്രധാന പ്രചോദനം സാറിന്റെ ക്ലാസുകള്‍ തന്നെയായിരുന്നു.

അങ്ങനെയിരിക്കെ ഞങ്ങളുടെ പരീക്ഷകള്‍ ആരംഭിച്ചു.  വറുഗീസ് സാര്‍ തന്റെ ക്ലാസ്സില്‍ ഫസ്റ്റ് , സെക്കന്റ്‌ , തേര്‍ഡ്  എന്നീ റാങ്കുകളില്‍ വരുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തു.  അന്ന് വരെ ഒരു അധ്യാപകനും ഞങ്ങള്‍ക്ക് അങ്ങനെ ഒരു വാഗ്ദാനം നല്‍കിയിരുന്നില്ല.  അങ്ങേയറ്റം സന്തോഷത്തോടെയും അതിലേറെ ഉല്സാഹതോടെയും പരമാവധി വാശിയോടെയും ഞങ്ങള്‍ പഠനം തുടങ്ങി.  പരീക്ഷയുടെ അന്ന് പരീക്ഷ എളുപ്പമായിരിക്കാന്‍ ഞാന്‍  അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുകയും  വഴിപാടുകള്‍ നേരുകയും ചെയ്തു.  ഒരു വിധം നന്നായി തന്നെ പരീക്ഷ എഴുതാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് ഇനി നേര്‍ന്ന വഴിപാടുകള്‍ മുഴുവന്‍ കൊടുക്കണമല്ലോ എന്ന കാര്യം ഓര്‍ത്തത്.  വീട്ടില്‍ ഇക്കാര്യത്തിന് കാശു ചോദിച്ചാല്‍ തരില്ല എന്ന് ഉറപ്പാണ്.  വഴിപാടു നേരുന്ന നേരം കൊണ്ട് വല്ലതും പടിക്കാംആയിരുന്നില്ലേ  എന്നാകും ചോദ്യം.   കാശു കിട്ടാന്‍ ഒരു വഴിയുമില്ല.നേര്‍ന്ന  വഴിപാടു ചെയ്യാതിരുന്നാല്‍ ദൈവം ശിക്ഷിക്കുകയും ചെയ്യും. അവസാനം ഒരു വഴി തോന്നി.  പരീക്ഷക്ക്‌ നല്ല മാര്‍ക്ക്‌ കിട്ടുമ്പോള്‍ സാറ് തരുന്ന സമ്മാനം കാണിച്ചു കൊണ്ട് അമ്മയുടെ അടുത്ത് കാര്യം പറഞ്ഞാല്‍ ഒരു പക്ഷെ രക്ഷയുണ്ടാകും.  എന്തായാലും കാത്തിരിക്കുക തന്നെ. 

സ്കൂള്‍ തുറന്നു.  വര്‍ഗീസ് സാറിന്റെ ക്ലാസ്സ്‌ സമയമായി.  സാറ് വരും . പരീക്ഷ പേപ്പര്‍ തരും.  മോശമായി എഴുതിയവര്‍ സാരിനി ക്ലാസില്‍ വരാതിരുന്നെങ്ങില്‍ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ നന്നായി പരീക്ഷയെഴുതിയവര്‍ ഫസ്റ്റ് അല്ലെങ്ങില്‍ സെക്കന്റ്‌ അല്ലങ്ങില്‍ തേര്‍ഡ് കിട്ടണേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു. സാറ് ക്ലാസിലേക്ക് വന്നു.  കയ്യില്‍ പരീക്ഷ പേപ്പര്‍ -കളുടെ കെട്ടുണ്ട്.  ആകാംഷയോടെ  പേപ്പര്‍ കെട്ടിലേക്ക്  നോക്കികൊണ്ട് എല്ലാവരും സാറിനോട് ഗുഡ് മോണിംഗ് പറഞ്ഞു.  സാര്‍ തിരിച്ചും .  വളരെ ഗൌരവത്തോടെ സാര്‍ പറഞ്ഞു,"  മിക്കവാറും എല്ലാവരും തന്നെ നന്നായി പഠിച്ചു പരീക്ഷ എഴുതിയിട്ടുണ്.  അഭിനന്ദനങള്‍.  "  അത് കേട്ടതും എല്ലാവര്ക്കും അല്പം ആശ്വാസമായി.  ഏറ്റവും അധികം മാര്‍ക്കു കിട്ടിയവരുടെ പേപ്പര്‍ ആണ് ആദ്യം തന്നത്.  ഭാഗ്യവശാല്‍, അല്ലെങ്ങില്‍ കൂട്ടനലാമ്മയുടെ(ദൈവത്തിന്റെ) സഹായത്താല്‍ എനിക്ക് സെക്കന്റ്‌ ഉണ്ട്.  സെക്കന്റ്‌ എന്ന സ്ഥാനതെക്കാള്‍  എനിക്ക് ആശ്വാസമായത് വഴിപാടിന്റെ കാര്യം വീട്ടില്‍ അവതരിപ്പിക്കാന്‍  ഇനി സാധിക്കുമല്ലോ എന്ന ചിന്തയാണ്.
പേപ്പര്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ സാര്‍ കൂടുതല്‍ മാര്‍ക് ലഭിച്ച  ഞങ്ങളെ  മൂന്നു പേരെയും എഴുന്നേല്‍പ്പിച്ചു നിര്‍ത്തി അഭിനന്ദിച്ചു.  എല്ലാ കുട്ടികളും ഞങ്ങളെ കയ്യടിച്ചു പ്രോത്സാഹിപിച്ചു.  അവസാനം ആ സമയം വന്നെത്തി.  സാറിന്റെ സമ്മാന ദാനം.  ഫസ്റ്റ് വാങ്ങിയ കുട്ടിയെ ആദ്യം വിളിച്ചു.  തന്റെ പോക്കേട്ടിലെ പേന അദ്ദേഹം സമ്മാനമായി നല്‍കി.   അടുത്തതായി എന്റെ ഊഴമായിരുന്നു.  സാര്‍ "മഞ്ഞുഷ"   എന്ന് പേര് വിളിച്ചപ്പോഴേക്കും എല്ലാ കുട്ടികളും കൂടി കയ്യടി തുടങ്ങി.  " എന്തായിരിക്കും സമ്മാനം!" എല്ലാവരും സാറിനെയും എന്നെയും ഉറ്റു നോക്കി.  ആരും തന്നെ കയ്യടി മുടക്കിയില്ല.  കയ്യടികള്‍കിടയിലൂടെ സാര്‍ എന്റെ അടുത്ത് വന്നു.  "കന്ഗ്രാജുലെഷന്‍സ് മഞ്ഞുഷ" എന്ന് പറഞ്ഞു കൊണ്ട് സാര്‍ തന്റെ കൈ എന്റെ നേര്‍ക് നീട്ടി.  സമ്മാനം കാണാഞ്ഞു ഞാന്‍ സംശയത്തോടെ സാറിന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.  എന്നിട്ട് സമ്മാനത്തിനായി പതുക്കെ കൈ നീട്ടി.  സാര്‍ ദീര്‍ഘമായൊരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നു .  തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു കൊണ്ട് അടുത്തയാള്‍ക് ഹസ്തദാനം  നല്കാനായി നീങ്ങി.  അപ്രതീക്ഷിതമായ   സമ്മാനം.  ചിരിക്കണോ ? കരയണോ ? ക്ലാസ്സില്‍ കൈയ്യടികള്‍ തുടരുമ്പോഴും ഉള്ളിന്റെയുള്ളില്‍ ഒരു പെരുമ്പറ കൊട്ടാന്‍ തുടങ്ങി  . "ദൈവമേ! .................. എന്റെ വഴിപാട്...................  .
എന്തായാലും വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചോദിച്ചു " എന്തായിരുന്നു സാറിന്റെ സമ്മാനം?  വലിയ അഭിമാനത്തോടെ പറഞ്ഞു "  ഒരു   ഷേക്ക്‌ ഹാന്‍ഡ്‌" . വീട്ടില്‍ എല്ലാവരും ഉറക്കെ ചിരിച്ചു പരിഹസിച്ചപ്പോഴും എന്റെ  മനസ് നേര്‍ന്ന വഴിപാടിന്റെ പുറകെയായിരുന്നു........................................
  
വാല്‍ കഷണം :-ഇന്നും മനസ്സില്‍ ഓര്‍കുമ്പോള്‍ ചിരിയുണര്‍ത്തുന്ന ഒരു നല്ല ബാല്യകാല അനുഭവമാണിത്.  വറുഗീസ്‌ സാര്‍ ഇപ്പോള്‍ എന്ത്  ചെയ്യുന്നുണ്ടാവുമോ എന്തോ? ഇന്നും ആ വഴിപാട് ഞാന്‍ ചെയ്തിട്ടില്ല.  കയ്യില്‍ കാശ് വന്നപ്പോള്‍ എന്തായിരുന്നു ആ വഴിപാടെന്നുള്ള കാര്യം ഞാന്‍ മറന്നു പോയിരുന്നു.  അങ്ങനെ ഒരു കടം ഇപ്പോഴും ശേഷിക്കുന്നു.    എന്തായാലും സാറിന്റെ ക്ലാസ്സുകളാണ് എനിക്ക് എന്നും ചരിത്രം പഠിക്കാന്‍ പ്രചോദനവും പ്രോത്സാഹനവും ആയത്.  എന്റെ പ്രിയ അധ്യാപകന്റെ അനുഗ്രഹമാണ് എന്നെ ഇന്ന് ഈ നിലയില്‍ എത്തിച്ചത് .സാറിനോടുള്ള നന്ദി ഞാന്‍ ഈ വൈകിയ വേളയില്‍ പ്രകാശിപ്പിച്ചു കൊള്ളട്ടെ!
  



No comments:

Post a Comment