Sunday, May 29, 2011

Ulladan - charithra thaalukaliloode


                                                ഉള്ളാടന്‍- ചരിത്ര താളുകളിലൂടെ  


ചരിത്രം   ഇല്ലായ്മ  ചെയ്യുകയോ വളച്ച് ഒടിക്കുകയോ തിരുത്തുകയോ ചെയ്ക നിമിത്തം അസ്ഥിത്വം നഷ്ടപ്പെട്ട് ഓരങ്ങളില്‍ ഒതുക്കപ്പെട്ട ജനസമൂഹങ്ങള്‍.  ജീവിതം കരിന്തിരിയായി പുകച്ച് ഒടുക്കുന്ന  നിന്ദിതരും പീഡിതരുമായ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ .  ഒരു കവിയുടെയോ കഥാ കൃതിന്റെയോ  അതുമല്ലെങ്ങില്‍ ഒരു സാമൂഹിക പ്രവര്തകന്റെയോ  ഇവരോടുള്ള സഹതാപ പ്രകടനം വഴിപാടു പോലെ ചിലപ്പോഴെല്ലാം ഉയര്‍ന്നുകേള്‍ക്കാം.  തോളിലേട്ടപെട്ട   നുകത്തിന്റെ ഭാരതതാലും പഴക്കതതാലും മനോ ഘടനയില്‍  വന്നുപോയ മാറ്റങ്ങളില്‍ നിന്ന് മോചിതരാവാന്‍ കഴിയാത്ത  ഇവരുടെ ഹത്യയും വംശ ഹത്യയും ഇന്നലെകളില്‍ ഇവിടെ പതിവായിരുന്നു.  എല്ലാ സമൂഹങ്ങളും മുന്നിലേക്ക്‌ നടന്നപ്പോള്‍ അവര്‍ നമ്മളെ പുറകിലേക്ക് നടത്തി.  അങ്ങനെ ഇവിടെ സൃഷ്ടിക്കപ്പെട്ട പരിവര്തന രഹിതവും നിശ്ചലവുമായ സമൂഹം രൂപം നല്‍കിയ നിഷ്ടൂരമായ മാനവിക ഹിംസയുടെ ബാക്കി  പത്രമാണ്‌ നമ്മുടെ ശ്രേനീകൃത , അസമത്വ വിഘടിത സമൂഹം.

     നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ കാടുകളിലാണ്.  പെറുക്കിതിന്നും  മാന്തിതിന്നും ചുട്ടുതിന്നും കഴിഞ്ഞിരുന്ന തലമുറയുടെ  പിന്‍ഗാമികള്‍ ആണ്  നാം.  കായ് കിഴങ്ങുകളും  കാട്ടു ചോലയിലെ  വെള്ളവും  തേനും നായാടിക്കിട്ടുന്നവയും  ഭക്ഷിച്ചു കഴിഞ്ഞിരുന്ന ഒരു തലമുറ.  പുതിയ ആദിവാസി തലമുറ അവരുടെ പഴയ സംസ്കാരത്തെ കുറിച്ച് അജ്ഞരാണ്.  മേല്സാഹച്ചര്യത്തില്‍  ആദിവാസി വിഭാഗത്തിലെ "ഉള്ളാടന്‍" സമുദായത്തിന്റെ ചരിത്രവും സംസ്കാരവും ജീവിതരീതികളും  വിശകലനം ചെയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.  
 വര്‍ഗ നാമം, ഉല്പത്തി  ,അധിവാസ കേന്ദ്രങ്ങള്‍, വിഭാഗങ്ങള്‍ .
  കൊച്ചി രാജ്യത്തെ തനി  മലയാളികളായ ഹിന്ദുക്കളുടെയും  അനിമിസ്ടുകളുടെയും ഇടയിലെ ഏറ്റവും താഴ്ന്ന ജാതികളില്‍ ഒന്നായാണ്  "ഉള്ളാടന്‍" എന്ന സമുദായത്തെ   പ്രൊഫ്‌.എല്‍. കെ. അനന്ത കൃഷ്ണ അയ്യര്‍  തന്റെ "ദി  ട്രൈബ്സ് ആന്‍ഡ്‌ കാസ്ട്സ്   ഓഫ് കൊച്ചിന്‍"  എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.  തെക്കേ ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളെയും ജാതികളെയും കുറിച്ച് പഠനം നടത്തിയ എഡ്ഗാര്‍ തെഴ്സ്ടനും  ഏതാണ്ട് ഇതേ കാഴ്ചപ്പാട് തന്നെയാണ് ഉള്ളത്.  "ഉള്ളാടന്‍" എന്ന വാകിന്റെ ആവിര്‍ഭാവം "ഉള്‍" എന്നും "ഓടുന്നു" എന്നുമുള്ള രണ്ടു വാക്കുകളില്‍  നിന്നാണെന്നാണ് കരുതി വരുന്നത്.  അതായത് മേല്‍ജാതിക്കാരുടെ സാമീപ്യത്തില്‍ നിന്നും കാടിന്നുള്ളിലേക്ക് ഓടി മറയുന്നവര്‍ എന്നാണത്രേ അര്‍ഥം.  വനാന്തരങ്ങളില്‍ ജീവിക്കുന്നവര്‍ എന്നും  മറ്റൊരു കാഴ്ചപ്പാടുണ്ട്.  "ഉള്‍" ലാടന്‍" എന്നതാണ് മറ്റൊരു വാദം.  പത്തനം  തിട്ട താലൂക്കിലെ  റാന്നി വന മേഖലയിലുള്ള  കോട്ടതടിയായിരുന്നു  പണ്ട് ഉള്ളാടന്‍ സമുദായക്കാരുടെ ആസ്ഥാനമെന്നു വിശ്വസിക്കുന്നവരില്‍ കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും പഠന വിഷയമാകിയ സര്‍സീലിയ തോമസ്‌ പെരുംപിലാനിയും ഉള്‍പ്പെടുന്നു.  എന്നാല്‍ കേരളത്തില്‍   മലയോര  പ്രദേശങ്ങള്‍  ആയ ഇടുക്കി, മൂവാറ്റു പുഴ , തൊടുപുഴ , കോട്ടയം, എറണാകുളം, തൃശൂര്‍, എന്നീ ജില്ലകളിലും  ഇക്കൂട്ടര്‍ അധിവസിക്കുന്നുണ്ട്.  
    വാല്മീകി മഹര്‍ഷിയുടെ സന്താന പരമ്പരയില്‍ പെട്ടവരാനെന്നുള്ള  അവകാശ ബോധവും  ഇവര്‍ക്കുണ്ട്. ഒരു കാലത്ത് കാട്ടാളന്മാര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെട്ടിരുന്നു.  തൃശൂര്‍ ജില്ലയില്‍ "ഉള്ളാടന്‍" വിഭാഗത്തില്‍ പെട്ടവര്‍ ഇപ്പോഴും കാട്ടിളയന്മാര്‍ എന്നാണ് അറിയപ്പെടുന്നത്. സമതല പ്രദേശങ്ങളില്‍  മണ്ണില്‍ പണിയെടുക്കുന്ന അടിമ വര്‍ഗമായ ചാണ്ടാലര്‍ എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു.ഊരാളിയും  ഉള്ലാടനും  ജ്യെഷ്ടതിയുടെയും അനിയത്തിയുടെയും മക്കള്‍ ആണെന്നുള്ള  ധാരണയും ഇവരുടെ ഇടയിലുണ്ട്. നെഗ്രിട്ടോ വംശത്തിന്റെയും  ദ്രാവിഡ വംശത്തിന്റെയും  സമ്മിശ്രമായ പ്രത്യേകതകള്‍ ഇവരിലുന്ടെന്നാണ് നരവംശ ശാസ്ത്രജ്ഞനായ  ഡോ. എ.എച്. കീനെ  പറയുന്നത്.   
  എണ്ണത്തില്‍ വളരെ കുറവുള്ള മലയാളം സംസാരിക്കുന്ന നിരക്ഷരരായ ആദിവാസി വിഭാഗമാണ്‌ കൊച്ചിയിലെ  ഉള്ളാടര്‍ എന്ന് LK അനന്ത കൃഷ്ണ ഐയര്‍ പറയുന്നു. ഇരിഞ്ഞാലക്കുട, പള്ളിപുരം, ഇടകൊച്ചി, കുമ്പളം, എഴുവിന്ന, നീണ്ടകര, മനചേരി, ചെല്ലാനം എന്നീ സ്ഥലങ്ങളിലാണ്‌ ഇവര്‍ അധികവും താമസിച്ചു പോന്നിരുന്നത്.  ഇവര്‍ നാടോടികള്‍ ആയിരുന്നില്ല. ഇവരുടെ ഉള്ളില്‍ തന്നെ നാല് വിഭാഗങ്ങള്‍ ഉള്ളതായി പറയുന്നു.  ഉള്ളാടന്‍, ചെരപ്പന്‍, തളിപ്പന്‍ , നായാടി എന്നിങ്ങനെയാണ് ആ നാല് വിഭാഗങ്ങള്‍. എന്നാല്‍ ഇവര്‍ പരസ്പരം വിവാഹബന്ധത്തില്‍ എര്പെടുകയോ സഹാഭോജനം നടത്തുകയോ ചെയ്തിരുന്നില്ല. പ്രത്യേകിച്ചും ഉള്ലാടനും  നായാടിയും രണ്ടു പ്രത്യേക വര്‍ഗങ്ങള്‍ ആയാണ് കരുതി പോരുന്നത്.  ഇതില്‍ തളിപ്പന്മാര്‍ ക്ഷുരക വൃത്തി ചെയ്തും സ്വന്തം വര്‍ഗത്തിലുള്ളവരുടെ   ശവദാഹ ചടങ്ങുകളില്‍ കാര്‍മികത്വം വഹിച്ചും  കഴിഞ്ഞു പോന്നിരുന്നു.  എന്നാല്‍ ഉള്ളാടന്‍, ഉള്ളടകുറുപ്പ് , എലി പിടിക്കുന്ന ഉള്ളാടന്‍, മരുന്ന് പറിക്കുന്ന ഉള്ളാടന്‍ എന്നിങ്ങനെയാണ് ഇവരിലെ നാലു വിഭാഗങ്ങള്‍ എന്നും പറയപ്പെടുന്നു.  മരണം , വിവാഹം എന്നിവയ്ക്ക് ഉള്ലാടനെ  ക്ഷൌരം ചെയ്യുന്നവരാണ് ഉള്ളട കുറുപ്പന്മാര്‍. 

പാര്‍പിടം  

 കൊച്ചിയിലെ ഉള്ലാടരുടെ കുടികള്‍ കാടുകളിലോ വയലോരങ്ങളിലോ മേല്‍ജാതിക്കാരുടെ വാസസ്ഥലങ്ങളില്‍ നിന്ന് കുറച്ചു മാറി തെങ്ങിന്‍ തോപ്പുകളിലോ ആയിരുന്നു സ്ഥിതി ചെയ്തിരുന്നത്.  സിറിയന്‍ ക്രിസ്ത്യാനികള്‍ മാത്രമാണ് അവരുടെ അയല്‍വാസികളായി കണ്ടു പോന്നിരുന്നത്. കുടികള്‍  ചെറിയ മുളകൊണ്ടു ഉയര്‍ത്തിയതും മേല്കൂരയോടു കൂടിയതും തെങ്ങിന്റെ ഓല മേടെഞ്ഞു നാല് പുറവും മറച്ചതും ആയിരുന്നു.  മുള കൊണ്ടുള്ള ചട്ടയോടുകൂടിയ ഓല വാതില്‍ കാണാം.  തറ ഉയര്തികെട്ടുകയോ അടിച്ചു പരത്തി പാകമാക്കുകയോ ചെയ്തിരുന്നില്ല. കുടിക്കുള്ളിലും പുറത്തും നിലം ഒരേ പോലെയായിരുന്നു.  കുറച്ചു  സ്വയം മെടഞ്ഞ ഓലയും അപരിഷ്കൃതമായ പായും മാത്രമായിരുന്നു അവരുടെ ഏക ഫര്‍ണിച്ചര്‍.  മണ്പാത്രങ്ങള്‍ നിത്യോപയോഗത്തിന് , അതായത് ഭക്ഷണം പാകം ചെയ്യാനും ജലം ശേഖരിച്ചു വയ്കുന്നതിനും ഭക്ഷണം കഴിക്കുനതിനും ഉപയോഗിച്ചിരുന്നത്.  കവുങ്ങിന്‍ പാള ഉപയോഗിച്ചാണ്‌ ഉപ്പും മുളകും സൂക്ഷിക്കുന്ന പാത്രം ഉണ്ടാക്കിയിരുന്നത്.  കലവറ എന്നൊന്ന് അവര്‍ക്ക് ഉണ്ടായിരുന്നില്ല .  ഭക്ഷണവും വസ്ത്രവുമെല്ലാം ചെറിയ കൂടകളിലാക്കി മരം കൊണ്ടുണ്ടാക്കിയ കൊളുത്തുകളില്‍ തൂക്കിയിടും.  കുടിലുകള്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്, പകല്‍ സമയം മുഴുവന്‍ അവര്‍ പുറത്താണ് ചെലവഴിച്ചിരുന്നത്. കുടിലിന്റെ ഒരു മൂല അടുപ്പായി ഉപയോഗിച്ചിരുന്നു.  എന്നാല്‍ വേനല്‍ കാലത്ത് പുറത്തായിരുന്നു പാചകം ചെയ്തിരുന്നത്.  കുടുംബത്തില്‍ ഉള്ളവരെല്ലാം തന്നെ ഒരു മുറിയില്‍ ഒരുമിച്ചായിരുന്നു ഉറങ്ങിയിരുന്നത്. എന്നാലും ചില സന്ദര്‍ഭങ്ങളില്‍ , അതായത് പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് പ്രത്യേകമായി പുരകള്‍ ഉണ്ട്ക്കിയിരുന്നതായി കാണാം.  
വിവാഹം
ശൈശവ വിവാഹമാണ് ഉള്ളാടരുടെ ഇടയില്‍ നില നിന്നിരുന്നത്.  എറണാകുളത്തുള്ള ഉള്ളാടന്മാര്‍ പെണ്‍കുട്ടിക്ക് അഞ്ചു വയസ്സ് കഴിഞ്ഞാല്‍ താലി കെട്ടു കല്യാണം നടത്തിയിരുന്നു.  പന്ത്രണ്ടു വയസ്സിനു മുന്പായി കെട്ട് കല്യാണം നടത്തിയിരിക്കും.  താലി കെട്ടുന്നവന്‍ ഭര്‍ത്താവ് ആകണമെന്നില്ല .  പെണ്‍കുട്ടിയുടെ ബന്ധുവോ സ്വസമുദായത്തില്‍ പെട്ട അയല്‍വാസിയോ ആകും താലി കെട്ടുന്നത്.  എന്നാല്‍ പ്രായപൂര്‍ത്തി ആകുന്നതോടെ  പുടവ കൊടുക്കുന്നവനാണ് പെണ്‍കുട്ടിയുടെഭര്‍ത്താവ് ആകുന്നത് .  സാധാരണ ഗതിയില്‍ ഉള്ളാടന്മാര്‍  ബന്ധുക്കളെ വിവാഹം ചെയ്യാറില്ല. എന്നാല്‍ എറണാകുളത്തും കുംബലത്തും  ഉള്ളവര്‍ അമ്മാവന്റെ മകളെ വിവാഹം ചെയ്തു വന്നതായി കാണാം.  വിവാഹം സത്യത്തില്‍ രണ്ടു വീടുകളും  തമ്മിലുള്ള  ഒരു കരാറാണ്.  വിവാഹ മോചനവും വളരെ ലളിതമായ എളുപത്തില്‍ നേടിയെടുക്കാവുന്ന ഒന്നായിരുന്നു.  പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ തിരികെ ഏല്‍പ്പിക്കുന്നതോടെ വിവാഹമോചനം കഴിഞ്ഞു.  മറ്റു നിബന്ധനകള്‍ ഒന്നും തന്നെ ഇക്കാര്യത്തില്‍ ഇല്ലായിരുന്നു.  രണ്ടു പേര്‍ക്കും പുനര്‍ വിവാഹത്തിനും തടസ്സങ്ങള്‍ ഇല്ലായിരുന്നു.  എന്നാല്‍ മരിച്ച ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല.  പുനര്‍ വിവാഹത്തിന് വളരെ ചെറിയ തോതിലുള്ള  കര്‍മങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ .  ആദ്യ  ഭര്‍ത്താവില്‍ നിന്നുള്ള മക്കള്‍ പ്രായ പൂര്‍ത്തി ആകുന്നതു   വരെ  അമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്.  ഒരു ഉള്ളാടന്  ഒരേ സമയം ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടാവുന്നത് സര്‍വ സാധാരണമായിരുന്നു.  എന്നാല്‍ സ്ത്രീകള്‍ക്ക്   ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്മാര്‍ എന്ന രീതി ഇല്ലായിരുന്നു.   ഒന്നിലധികം ഭാര്യമാര്‍ ഉള്ള സാഹചര്യത്തില്‍,  അവര്‍ തമ്മില്‍  ഒരുമ  ഉള്ള പക്ഷം ഒന്നിച്ച്   ഒരു വീടിലും  അല്ലാത്ത  പക്ഷം  പ്രത്യേകം വീടുകളിലും  താമസിപ്പിച്ചിരുന്നു .  വിവാഹത്തിന് മുന്‍പുള്ള ബന്ധങ്ങള്‍ ഒരു കാരണവശാലും പ്രോത്സാഹിപ്പിച്ചിരുന്നില്ല.  അവിവാഹിതയായ പെണ്‍കുട്ടി ഗര്‍ഭിണി ആകുന്ന സാഹചര്യത്തില്‍ കാരണക്കാരനായ ആളെ വിവാഹത്തിന് പ്രേരിപ്പിക്കുകയും അതിനു സമ്മതം അല്ലാത്ത പക്ഷം ഊരുവിലക്ക്‌  കല്പിക്കുകയും  ചെയ്യും . മിക്കപ്പോഴും  അങ്ങനെയുള്ള സാഹചര്യത്തില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മതം മാറ്റം നടക്കാറുള്ളത് സാധാരണ ആണത്രേ......... 
 ഒരു ചെറുപ്പകാരന് വിവാഹ പ്രായം എത്തുമ്പോള്‍ അവന്റെ അച്ഛനും അമ്മാവനും പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുന്നു,  അവര്‍ക്ക്  സമ്മതം ആണെങ്കില്‍   ഇരു കൂട്ടരുടെയും  മാതാപിതാക്കളും ബന്ധുക്കളും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് കാര്യങ്ങള്‍ സംസാരിച്ചു ഉറപ്പിക്കുന്നു, അതിനു ശേഷം ഭക്ഷണവും ഉണ്ടായിരിക്കും.  സ്ത്രീധനം , മിക്കപ്പോഴും അര രൂപ  (എന്നാല്‍ ചിലപ്പോഴൊക്കെ അഞ്ചു രൂപ വരെയും ഉയരാം) അവിടെ വച്ചാണ് നല്‍കുന്നത്.  വിവാഹത്തില്‍ സംബധിക്കുന്ന അതിഥികളുടെ എണ്ണവും അന്ന് തീരുമാനിക്കും.  അതിനു ശേഷം വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും കൂടി വരന്റെ വീട്ടില്‍ അത്താഴം കഴിക്കും .  കള്ളാണ് പ്രധാന വിഭവം.  കല്യാണ ദിവസം വരനും സുഹൃത്തുക്കളും ബന്ധുക്കളും കൂടി വധുവിന്റെ വീട്ടില്‍ എത്തുന്നു.  അവിടെ നല്ല സദ്യ  ഒരുക്കിയിരിക്കും.  വരന്റെ സഹോദരി വധുവിനെ മാല അണിയിക്കും .  അതിനു ശേഷം വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തും.  ചരടില്‍ കോര്‍ത്ത ഒരു പിച്ചള വലയമാണ് താലി.  പിറ്റേ ദിവസം ബന്ധുക്കളുടെ അകമ്പടിയോടു കൂടി നവ ദമ്പതികള്‍ വരന്റെ വീടിലേക്ക്‌ പോകുന്നു.  അവിടെയും നല്ല വിരുന്നൊരുക്കിയിരിക്കും.  ഒരാഴ്ച അവിടെ താമസിച്ച ശേഷം ദമ്പതിമാര്‍ വധുവിന്റെ വീടിലെക് പോകുകയും അവിടെ കുറച്ചു ദിവസം ചിലവഴിച്ച ശേഷം വധുവിനെ തിരികെ കൊണ്ടുവരികയും ചെയ്യുന്നു.  ഇതോടു കൂടി കല്യാണ ചടങ്ങുകള്‍ അവസാനിക്കും.  തിരുവിതാംകൂറിലെ ഉള്ളാടരുടെ  ഇടയിലാണ് ഇത്തരം ചടങ്ങുകള്‍ നിലവിലുള്ളത്.  
എന്നാല്‍ കൊച്ചിയില്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായാണ് വിവാഹം നടന്നിരുന്നത്.  വധുവിനെ ഇലകള്‍ കൊണ്ട് മറച്ച ഒരു കൂരയില്‍ ഒളിപ്പിക്കുന്നു.  അന്നാട്ടിലെ യോഗ്യരായ ചെറുപ്പക്കാരെല്ലാം  അവിടെ സമ്മേളിക്കുകയും കൂരക്കു ചുറ്റും വലയം തീര്‍ക്കുകയും ചെയ്യും.  അല്പം ദൂരത്തായി വധുവിന്റെ അച്ഛനോ ഏറ്റവും അടുത്ത ബന്ധുവോ ഇരിക്കുന്നുണ്ടാവും.  മറ്റു വാധ്യക്കാരും ഒപ്പമുണ്ടാവും.  സംഗീതം ആരംഭിക്കുമ്പോള്‍ വധുവിന്റെ അച്ഛന്‍ പാടും .  ആ പാട്ട് ഇങ്ങനെയാണ്.  "പ്രിയപ്പെട്ട മകളെ , വടി എടുക്കൂ, ഇപ്പോള്‍ പൊന്നുമോളെ വടി എടുക്കൂ, നീ സ്വന്തം ഇഷ്ടത്തിന് ഭര്‍ത്താവിനെ തേടി പിടിക്കരുത്  .  നീ ആരെ വരിക്കണമെന്നു തീരുമാനിക്കുന്നത് വിധിയാണ്."
 ഈ സമയത്ത് യുവാക്കള്‍ എല്ലാവരും മുള വടിയുമായി കുടിലിനു ചുറ്റും നൃത്തം വക്കുകയും മുളവടി കുടിളിനുള്ളിലേക്ക് ഇടയ്ക്കിടയ്ക്ക് കയറ്റുകയും ഇറക്കുകയും  ചെയ്യും.  ഒരു മണികകൂറോളം  ഇത് തുടരും.  ആരുടെ മുളവടിയാണോ അവള്‍ പിടിക്കുന്നത്, അയാളായിരിക്കും പിന്നീട് അവളുടെ ഭാഗ്യവാനായ ഭര്‍ത്താവ്‌.  തുടര്‍ന്ന് സദ്യ ഉണ്ടായിരിക്കും .  അതോടു കൂടി ചടങ്ങുകള്‍ അവസാനിക്കും.  നവദമ്പതികള്‍ പ്രത്യേകം ഒരു കുടിലില്‍ താമസിക്കും.  വിവാഹിതരും അവിവഹിതരുമായ സ്ത്രീകളുടെ പാതിവ്രത്യത്തെക്കുറിച്ചു ഉള്ളാടന്‍-മാര്‍ക് വ്യക്തവും കണിശവുമായ കാഴ്ചപ്പാടുകള്‍  ഉണ്ടായിരുന്നു, .  അതുകൊണ്ട് തന്നെ പ്രണയിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരുന്നില്ല.  പുലയ സ്ത്രീകളെ പോലെ ഉള്ളാടന്‍ സ്ത്രീകള്‍ പുറം പണിക്കു പോകാറില്ല.  ഭാര്യക്കും മക്കള്‍ക്കും ഉള്ളത് ഭര്‍ത്താവ് കൊടുക്കണം എന്നതാണ് നിയമം.  ഭാര്യ പാചകവും മക്കളുടെ ആവശ്യങ്ങള്‍ നിരവേട്ടിയും കഴിയും.  അവര്‍  കാട്ടിലെ മുഖ്യന്റെ പിന്‍ തലമുറ- ക്കാരാനെന്നും പണിക്കു പോകുന്നത് അവര്‍ക്ക് കുറച്ചിലാനെന്നും അവര്‍ L .K . അനന്ത കൃഷ്ണ അയ്യരോട് പറഞ്ഞത്രേ!
 ഗര്‍ഭ കാലവും പ്രസവവും. 
മോശമായ സാമ്പത്തിക സ്ഥിതി നിമിത്തം ഗര്‍ഭിണികളായ    ഉള്ളാട  സ്ത്രീകള്‍കൊന്നും തന്നെ പ്രത്യേക  പരിരക്ഷ  കിട്ടിയിരുന്നില്ല  എന്ന്  വേണം  പറയാന്‍ . അത്  മൂലം  കുഞ്ഞിനുണ്ടാകുന്ന  കുറവുകള്‍  എല്ലാം  തന്നെ ദൈവങ്ങളുടെ  കോപത്തിന്റെ  ഫലമാണെന്ന്  കരുതിപ്പോന്നിരുന്നു .  നിയമാനുസൃത  ഭര്‍ത്താവില്‍  നിന്നല്ലാതെ  ഒരു സ്ത്രീ  ഗര്‍ഭം  ധരിച്ചാല്‍  അവളെ  തല  മുണ്ഡനം  ചെയ്ത്  പള്ളപ്പുരയിലാകിയിരുന്നു.  ഗര്‍ഭിണി ആയാല്‍ അഞ്ചാം  മാസം  മുതല്‍  കുഞ്ഞിനു  മൂന്നു  മാസം പ്രായമാകുന്നതുവരെ  അമ്പലത്തില്‍ പ്രവേശിക്കുവാന്‍  പാടില്ല .  ഏഴാം  മാസം "പുളികുടി "  എന്നൊരു  ചടങ്ങുണ്ട്  .  കുടംപുളി  ഉപ്പുനീരില്‍  ഉരുക്കി  കൊടുക്കുന്നതാണ്  ചടങ്ങ് .  ആ ചടങ്ങ് ഇപ്പോള്‍ ബ്രാഹ്മണരുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്.  അമ്മാവനാണ്  അത് ചെയ്യുന്നത് .  അന്നേ ദിവസം  ഉത്സവം  പോലെ കൊണ്ടാടും .  സ്ത്രീകള്‍ ആര്‍ത്തവ  സമയത്തും  പ്രസവ  സമയത്തും താമസിക്കുന്നത്  "പള്ളപ്പുര "യിലാണ് .  വീടിനടുതായി  കെട്ടിയുണ്ടാക്കുന്ന  ചെറിയ  ഒരു വീടാണിത് .  പ്രസവം  പെണ്ണിന്റെ  വീട്ടില്‍  വെച്ചായിരിക്കും  നടത്തുന്നത് .  പ്രസവ ശുശ്രൂഷകള്‍ക്കായി   പ്രായമായ  ഒരു സ്ത്രീ കൂടെയുണ്ടായിരിക്കും . മിക്കവാറും  അത്  പെണ്ണിന്റെ അമ്മയായിരിക്കും .  കുഞ്ഞു  ജനിച്ച  ഉടനെ , അമ്മയെയും  കുഞ്ഞിനേയും  ചൂട്  വെള്ളത്തില്‍  കുളിപ്പിക്കും .  പ്രസവം കഴിഞ്ഞാല്‍  പതിനാറാം  ദിവസമാണ്  പെല  തീരുന്നത് .  വാലായ്മ  നാല്‍പതു  ദിവസം കഴിഞ്ഞാലെ  തീരൂ .  പ്രസവം കഴിഞ്ഞു  മൂന്നാഴ്ച   രാവിലെയും  വൈകീട്ടും  "പെറ്റു മരുന്ന് " കൊടുക്കും .  കഞ്ഞിയും  കറിയും ആണ്  ഭക്ഷണം ആയി   കൊടുക്കുന്നത് .  പതിനാറു  ദിവസം കഴിയുന്നത്‌ വരെ വീടിന്റെ വരാന്തയില്‍ പോലും വരുന്നത് വിലക്കിയിരുന്നു.  അതിനു ശേഷം കുളി കഴിഞ്ഞു വീട്ടില്‍ കയറാം.  നാല്പത്തി ഒന്നാം ദിവസമാണ് വീട്ടില്‍ കയറുന്നത് എന്നും പറയപ്പെടുന്നുണ്ട്.  അന്ന് തന്നെ ആയിരിക്കും കുട്ടിക്ക് പേരിടുന്നതും  . ചിലയിടങ്ങളില്‍ അത് ഇരുപതിയെട്ടിനാണ് നടത്തുന്നത്.  ചരട് കെട്ടലും നടത്താറുണ്ട്.  പെങ്കുട്ടികള്‍ക്കാനെങ്ങില്‍ അഞ്ചോ ആറോ മാസമുള്ളപ്പോള്‍ കാത്  കുത്തും നടത്തും. സാധാരണയായി കുഞ്ഞിന്റെ അമ്മായിയാണ് കാതു കുത്തുന്നത്.  അന്ന് എല്ലാ ബന്ധുക്കളെയും വിളിച് സദ്യ നടത്തും. 
സ്വത്തവകാശവും ഭരണ ക്രമവും  

ഉള്ളാടന്‍ സമുദായക്കാര്‍   കൂടുതലും  പാവങ്ങള്‍  ആയതിനാല്‍    സ്വത്തവകാശം എന്നതിന്    വലിയ  പ്രാധാന്യം  ഉണ്ടായിരുന്നില്ല .  എന്തെങ്ങിലും സ്വത്തുമായി ഒരുആള്‍ മരണപ്പെടുകയാനെങ്ങില്‍  അയാളുടെ സ്വത്ത് മുഴുവനും  പെങ്ങളുടെ മകന് അവകാശപ്പെട്ടതാണ്. .  അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ സ്വന്തം മക്കള്‍ക്ക്‌ അവകാശം ഉണ്ടായിരുന്നുള്ളൂ.  മരുമക്കത്തായം ആണ് നിലനിന്നിരുന്നത്. 
നാട്ടുകൂട്ടത്തില്‍  മുതിര്‍ന്ന ആളുകളാണ് ഉണ്ടായിരുന്നത്.   കുടിതലവന്‍ മൂപ്പന്‍ എന്ന് അറിയപ്പെട്ടിരുന്നു  .  പോനംബന്‍ എന്ന് വിളിക്കുന്ന സഹായിയും അദ്ദേഹത്തിന് ഉണ്ടാവും.  കല്യാണത്തിനും മരണത്തിനും ഉള്ള ചടങ്ങുകള്‍ക് അധ്യക്ഷം വഹിക്കുന്നതും വഴക്കുകള്‍  അന്വേഷിക്കുന്നതും തീര്‍ക്കുന്നതും ശിക്ഷ വിധിക്കുന്നതും  മൂപനാണ്.  അസന്മാര്‍ഗികമായ തെറ്റുകളില്‍ എര്പെടുന്നവരെ രാജാവിന്റെ മുന്‍പില്‍ എത്തികുകയും ചെയ്യും പുരുഷന് ചിലപ്പോള്‍ പിഴയോ അടിയോ ശിക്ഷയായി ലഭിക്കും.  എന്നാല്‍ സ്ത്രീകളെ കരിക്കിന്‍ വെള്ളം കൊടുത്ത് ശുദ്ധിയാക്കലാണ് പതിവ് .  അങ്ങനെ പിഴയായി  കിട്ടുന്ന പണം കള്ള് വാങ്ങുകയോ അവിടെകൂടിയിരുന്നവര്‍ പങ്കു വെച് എടുക്കുകയോ ചെയ്യും.  മൂപന് പ്രത്യേകം കുറച്ചു പുത്തന്‍ കിട്ടും.  

മതം 

മതവിശ്വാസത്തിന്റെ കാര്യത്തില്‍ ഉള്ളാടന്മാര്‍ മുന്‍പന്തിയിലാണ്.  ഒടിപ്രയോഗതിലും മന്ത്രവാദത്തിലും പ്രത്യേകം പ്രാവീണ്യം ഉള്ളവരായിരുന്നു ഉള്ളാടന്മാര്‍.  ഇപ്പോഴും മരുന്നും മന്ത്രവും അറിയാവുന്നവര്‍ ധാരാളം പേരുണ്ട് ഇവരുടെ ഇടയില്‍.  ദുര്‍ ദേവതകളുടെ സേവ  പിടിക്കാനുള്ള കഴിവും തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ട്.  കാപിരി, തീക്കുട്ടി, ചാത്തന്‍ എന്നീ ദുര്‍ ദേവതകളുടെ സേവയാണ് പ്രധാനം.  കൂടാതെ ചക്കി, കൊട്ട്യ, അയ്യാ തുടങ്ങിയ മൂര്‍ത്തികളെയും ആരാധിക്കുന്നു. കൊട്ടിലില്‍ ഓരോ കല്ലുകളിലായി ഇവരെ പ്രതിഷ്ടിക്കുന്നു. അരിപ്പൊടി, ആട്, കോഴി, കള്ള്, അരി, നാളികേരം , വാഴപ്പഴം എന്നിവ കന്നി മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച നിവേദിക്കും .  ഈ മൂര്‍ത്തികളുടെ പ്രസാദതിനായി കോലം കെട്ടി ആടാറുണ്ട്‌.  .  സേവമൂരത്തികളെ പ്രീതിപ്പെടുത്താന്‍ സ്ത്രീകള്‍ മുടിയാട്ടം നടത്തുന്നു.   വെളിച്ചപ്പാടിന്റെ സജീവ സാന്നിധ്യവും ഉണ്ടായിരിക്കും.  മരിച്ചുപോയ പിതൃക്കളെ ആരാധിക്കുന്ന പതിവും ഉണ്ടായിരുന്നു. ആദ്യ വിളവില്‍ നിന്ന് കിട്ടിയ അരി കൊണ്ട് ഭഗവതിക്ക് ' വെള്ള അരി"  നിവേദ്യം  നടത്താറുണ്ട്.    ഇപ്പോള്‍ ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മരണാനന്തര ചടങ്ങുകള്‍ 

മൃതദേഹം നിലത്തു പായില്‍ കിടത്തി തലക്കല്‍ നിലവിളക്ക് കത്തിച്ചു വെക്കും.  സാംബ്രാണി തിരിയും കത്തിച്ചു വക്കും.  പുരയിടത്തിന്റെ തെക്ക് ഭാഗത്ത്‌ കുഴി കുത്തി അതില്‍ കുന്തിരിക്കം തൂകി കുടിതലവന്‍ മന്ത്രങ്ങള്‍ ചൊല്ലും.  തെക്കോട്ട്‌ തല വച്ച് ശവം അടക്കുന്നു.  ബാലികര്മങ്ങള്‍  ചെയ്യുന്നത് മരു മകനാണ്.  ആദ്യകാലത്ത്  പലതരത്തിലുള്ള പച്ചിലകളില്‍ ശരീരം പൊതിഞ്ഞു കാറ്റ് വള്ളികള്‍ കൊണ്ട് കെട്ടി മുറുക്കുമായിരുന്നു.  ഇന്ന് കച്ച കൊണ്ട് ശരീരം പൊതിയും.  ഇല്ലി പൊട്ടിച്ചു ചതച് കുഴിക്കടിയിലും ശവത്തിന്റെ ഇരുവശങ്ങളിലും മുകളിലുമായി വച്ചിട്ടാണ് മണ്ണിട്ട്‌ മൂടുന്നത്.  ഒരു തോര്‍ത്ത്‌ മുണ്ടെടുത്തിട്ടു ഒരു രൂപ നാണയം വച്ച് കെട്ടാന്‍ പാകത്തിന് അതിന്റെ ഒരു ഭാഗത്ത്‌ നിന്നും കീറിയെടുത്ത് നാണയം പൊതിഞ്ഞു കെട്ടി വക്കും.  പതിനഞ്ചാം ദിവസം കെട്ടഴിക്കും.  ഈ നാണയം ശാന്തിക്കാരനുള്ളതാണ്.  പതിനഞ്ചിന് പെല വീടും.  പതിനാറിന് രാവിലെ തളിപ്പന്‍ വന്നു വീടും പരിസരവും ശുദ്ധിയാക്കി, വീണ്ടും ചാണകം തളിച്ച് ശുദ്ധിയാക്കി , വീട്ടുകാരെല്ലാം കുളിച്ചു കയറിയാല്‍ പതിനാറു അടിയന്തിര സദ്യ നടത്തും.  സദ്യക്ക് ക്ഷണിക്കപ്പെട്ടവരെല്ലാം വരുമ്പോള്‍ സദ്യയുടെ ചെലവിനു ആവശ്യമായ സാധനങ്ങള്‍ , അല്ലെങ്ങില്‍ പണം എന്നിവ കൊണ്ട് വരും .  അതില്‍ പഴം, പച്ചക്കറികള്‍, അരി, കള്ള്  എല്ലാം ഉണ്ടാകും.  ആണ്ടിനും ഇതുപോലെ സദ്യ നടത്തും.  മരിച്ചു പോയ ആളുടെ മരുമകനാണ് പിന്നെ അയാളുടെ സ്വത്തിന്റെ അവകാശിയാവുക.

തൊഴില്‍  

ഉള്ളടന്മാര്‍ മികച്ച കൃഷിക്കാരായിരുന്നു .  നെല്ല്, കപ്പ, ഇഞ്ചി, മഞ്ഞള്‍ എന്നിവയാണ് പ്രധാന കൃഷികള്‍.  സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികളും അവര്‍ കൃഷി ചെയ്തുണ്ടാക്കും.  മുന്‍പ് റാഗി കൃഷി ചെയ്തിരുന്നു.  മീന്‍ പിടുത്തവും വവിഭവങ്ങളുടെ ശേഖരണവും മുഖ്യ തൊഴില്‍ ആയിരുന്നു.  തേന്‍, തെളി, അരക്ക് എന്നീ  വനവിഭവങ്ങള്‍ കൊടുത്ത് ഉപ്പും വസ്ത്രവും വാങ്ങിയിരുന്നു.  കാട്ടുകിഴങ്ങുകള്‍ , നൂരോണ്‍,, ചീനോന്‍,  വെള്ളില എന്നിവയാണ് ആദ്യ കാലത്ത് ഭക്ഷിച്ചിരുന്നത്.  പാറക്കെട്ടുകളിലും   ഗുഹകളിലും കഴിഞ്ഞിരുന്ന കാലത്ത് ഭക്ഷണം തീയില്‍ ചുട്ടെടുക്കുന്നതിന് ഇല്ലികുംഭമാണ് ഉപയോഗിച്ചിരുന്നത്.  കിഴങ്ങുകള്‍ ഇല്ലികുംഭത്ത്തില്‍   ആക്കി ചുട്ടു തിന്നിരുന്നു.  ഇതിനു "കുംഭം കാച്ചുക " എന്ന് പറയും.  ഉള്ളടന്മാര്‍ പൊതുവേ സസ്യാഹാര പ്രിയരാണ്.  ഗോമാംസം അവര്‍ക്ക് നിഷിദ്ധമായിരുന്നു.  പുറത്തു നിന്ന് ആരെങ്ങിലും ഗോമാംസം കഴിച്ചാല്‍ ചാണകം കലക്കി ശരീരത്തില്‍ തളിച് ശുദ്ധി വരുത്തിയതിനു ശേഷം മാത്രമേ വീട്ടില്‍ കയറ്റുകയുള്ളൂ. കൂട്ട് കൃഷി സമ്പ്രദായം ആയിരുന്നു ആദ്യ കാലത്ത്.  എല്ലാവരും ഒരുമിച്ചാണ് വിത്ത് വിതക്കുന്നതും, കള പറിക്കുന്നതും വിളവെടുക്കുന്നതും.  പണ്ട്  പ്രസവിച്ച സ്ത്രീകള്‍ക്ക് വേണ്ടി "വേത്" പറിക്കുന്നത് ഉള്ളാട സ്ത്രീകള്‍ ആയിരുന്നു.  
മരം വെട്ടും വള്ള നിര്‍മാണവും ആയിരുന്നു തീരദേശത്തെ ഉള്ളടന്മാരുടെ മുഖ്യ തൊഴില്‍.  മറ്റു കര്‍ഷകരുടെ കന്നുകാലികളെ മേക്കാനും അവര്‍ പോയിരുന്നു.  ഒരു വലിയ കമ്പ് കൊണ്ട് മാളങ്ങളില്‍ നിന്നും എലിയെ പുറത്തു ചാടിച്ചു കൊന്നു തിന്നുന്നതും അങ്ങനെ  വിളകളുടെ സംരക്ഷണം ഉറപ്പാക്കുന്നതും  പതിവായിരുന്നു. കുളങ്ങളില്‍ നിന്നും ആമകളെയും പിടിച്ചു ഭക്ഷണമാക്കിയിരുന്നു.  മുതലക്കൊളുതുത്കള്‍  കൊണ്ട് കോഴി, ആട്  എന്നിവ പോലുള്ള മൃഗങ്ങളെ വച്ച  കെണി ഒരുക്കി   മുതലകളെ പിടിക്കുന്നതും പതിവായിരുന്നു.  തെറ്റാലി കൊണ്ടും വെള്ളത്തില്‍ നഞ്ച് കലക്കിയും മീന്‍ പിടിക്കുന്നതിനും അവര്‍ മിടുക്കരായിരുന്നു.  സത്യത്തില്‍ ഉള്ളടന്മാര്‍ മികച്ച വേട്ടക്കാര്‍ എന്നതിലുപരി ബുദ്ധിമാന്മാരും സൂത്രശാലികളും  കാലത്തിനും പ്രകൃതിക്കും ഇണങ്ങിയ വിധത്തില്‍ ഇരയെ പിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈവശം ഉള്ളവരും  ആയിരുന്നു. ക്രിസ്ത്യാനികളുടെയും മുസ്ലിമുകളുടെയും വീടുകളില്‍ കല്യാണ സദ്യക്ക് ആവശ്യമായ കാട്ടിറച്ചി കൊണ്ട് വരുന്നത് ഉള്ളടന്മാര്‍ ആയിരുന്നു. 

ഭക്ഷണ രീതികള്‍ 

ഴങ്കഞ്ഞി കുടിച്ചാണ്  രാവിലെ പണിക്കു പോകുന്നത്.  ഉച്ചക്ക് കാട്ടു  പഴങ്ങളും കിഴങ്ങുകളും കഴിച്ചു വിശപ്പ്‌ അകറ്റും.  വൈകിട്ട് കഞ്ഞിയും അന്ന് പിടിച്ച എലിയുടെയോ, ആമയുടെയോ മറ്റോ മാംസമോ മീനോ ഉണ്ടാകും.  മേല്പറഞ്ഞ മാംസ ഭ്കഷണത്തിന് പുറമേ ആടും കോഴിയും മാനും എല്ലാം കഴിച്ചിരുന്നു.  പക്ഷെ ഗോമാംസവും കാള ഇറച്ചിയും പാമ്പും കാക്കയും എല്ലാം നിഷിദ്ധമായിരുന്നു.  

സാമൂഹ്യ സ്ഥിതി 

 കാടുകളിലെ മുഖ്യന്മാരായിരുന്ന ഉള്ളടന്മാര്‍ക്ക് നാടുകളില്‍ ചന്ടാളരുടെ   സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്.   ജാതി വ്യവസ്ഥ നിലവില്‍ വന്നതോടെ നായന്മാര്‍ ഉള്‍പെടുന്ന ശുദ്രവിഭാഗങ്ങള്‍  വരെയുള്ളവരില്‍ നിന്നും അറുപത്തി നാലടി  അകലെ മാത്രമേ ഉള്ളാടന് സ്ഥാനം ഉണ്ടായിരുന്നുള്ളൂ.  അത് കൊണ്ട് തന്നെ പൊതു നിരത്തുകളിലൂടെ സഞ്ചരിക്കുന്നതിനോ ചന്തകളില്‍ പോകുന്നതിനോ മേല്ജാതിക്കാര്‍ താമസിക്കുന്നതിനു സമീപത്തേക്ക് പ്രവേശിക്കുന്നതിനോ അവസരം നിഷേധിക്കപ്പെട്ടു.  മേല്ജാതിക്കാര്‍ പാചകം ചെയ്ത ഭക്ഷണം അവര്‍ കഴിച്ചിരുന്നു എങ്കിലും പുലയരോ പറയരോ പാചകം ചെയ്ത ഭക്ഷണം അവര്‍ കഴിച്ചിരുന്നില്ല.  പുലയ സ്ത്രീകളെപോലെ പുറം പണിക്കും ഉള്ളാട സ്ത്രീകള്‍ പോയിരുന്നില്ല. 

ശരീര ഘടനയും വസ്ത്ര ധാരണ രീതിയും 

ഉള്ളടന്മാര്‍ പൊതുവേ ഉയരം കുറഞ്ഞവരും കറുത്തവരും ആയിരുന്നു.  കറുത്ത കണ്ണുകളും നീണ്ടതും ഒട്ടിയതുമായ മുഖവും നീണ്ട മൂക്കും അവരുടെ പ്രത്യേകതകള്‍ ആയിരുന്നു.  കറുത്ത് ചുരുണ്ട തലമുടി നെറുകയില്‍ കെട്ടിവെക്കുമായിരുന്നു.  മിത വസ്ത്ര ധാരികള്‍ ആയിരുന്നു.   കച്ച തോര്ത്തിനോളം വലുപ്പമുള്ള മുണ്ടാണ് പുരുഷന്മാര്‍ ഉടുത്തിരുന്നത്.  സ്ത്രീകളും തുണികഷ്ണം കൊണ്ട് അരയും മാറും മറച്ചിരുന്നു.  കാത്തു കുത്തി കമ്മലിട്ടിരുന്നു. മുത്തുമാലകളും കറുത്ത ചരടും ആയിരുന്നു കണ്ടാഭരണങ്ങള്‍. 

കലകള്‍ 
കലാരൂപങ്ങള്‍ എല്ലാം തന്നെ അനുഷ്ടാന പരവും ആചാര നിഷ്ടവും ആയിരുന്നു. മുത്തിയൂട്ടിനോട് ചേര്‍ന്ന് കലാപരിപാടികള്‍ ഉണ്ടായിരിക്കും  .  ദേവത സ്തുതി, വിലക്ക് പാട്ട് , വില്‍ പാട്ട് , ചവിട്ടു കളി, തുമ്പി തുള്ളല്‍, പഴുക്ക കളി എന്നിങ്ങനെ പല തരാം  കളികള്‍ നിലവിലുണ്ടായിരുന്നു.  കോലം കെട്ടി തുള്ളലില്‍ കാളി ദാരികനെ നിഗ്രഹിക്കുന്ന ഭാഗം സംഭാഷണങ്ങള്‍ ഇല്ലാതെ താള മേളങ്ങളോടെ അഭിനയിച്ചു കാണിക്കും.  കൈകൊട്ടിക്കളി, കോല്‍ക്കളി എന്നിവയാണ് പ്രധാന വിനോദങ്ങള്‍.  സ്ത്രീകളുടെ വിനോദങ്ങളാണ് തിരുവാതിര പഴുക്ക  കളി
എന്നിവ.  ഉത്സവ ദിവസങ്ങളിലും മറ്റു വിശേഷ അവസരങ്ങളിലും ആണ് കളികള്‍ നടത്തുന്നത്.  

സംഗ്രഹം

"മനുഷ്യന്റെ അകത്തെ വെളിച്ചമാണ്  സംസ്കാരം.  പുറത്തെ വെളിച്ചം  പരിഷ്കാരവും"  വില്‍ ദുരന്റ് ഈ അഭിപ്രായക്കാരനാണ്.  അതിനോട്‌ നമുക്കും യോജിക്കേണ്ടി വരുന്നു.  നമ്മുടെ സംസ്കാരത്തിന്റെ ആദ്യ കാല അധ്യായങ്ങളിലേക്ക്  ചരിത്ര താളുകളിലൂടെ ഒരെത്തി നോട്ടം നടത്തുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.  നാഗരികതയുടെ ആക്രമണം ഉണ്ടാകുന്നതിനു മുന്‍പുള്ള,  കാട്ടിലെ ജന വര്‍ഗങ്ങളുടെ സാമുഹ്യ ജീവിതവും അതിന്റെ അടിസ്ഥാനത്തില്‍  കലയും ജീവിത രീതികളും ആചാരാനുഷ്ടാനങ്ങളും എല്ലാം തന്നെ അപഗ്രഥിക്കാന്‍ ഇവിടെ ശ്രമിച്ചിട്ടുണ്ട്.  ആദിവാസികളില്‍ പല വിഭാഗക്കാരും അവരുടെ വര്‍ഗ നാമത്തെ സംബനിധിച്ച സങ്കല്‍പ്പങ്ങള്‍ വിശദീകരിക്കുന്നുണ്ട് .  വര്‍ഗ ഉല്പത്തി  , ആഗമനം എന്നിവയെ സംബന്ധിച്ച പുരാവൃത്തങ്ങള്‍ അവരുടെ ലോക വീക്ഷണം കൂടി വ്യക്തമാക്കുന്നവയാണ്.  ആരാധിക്കുന്ന ദൈവങ്ങളെ കുറിച്ച്  പോലും ചില പുരാ സങ്കല്‍പ്പങ്ങള്‍ അവര്‍ നെയ്തെടുതിട്ടുണ്ട്.  ആര്യ സംസ്കാരം നമ്മുടെ സംസ്കാരത്തെ ആകമാനം തകിടം മറിച്ച സാഹചര്യത്തില്‍ നമ്മുടെ സംസ്കൃതിയുടെ തനിമ എന്താണെന്നും അതിന്റെ ആദിമ   ശ്രോതസ്സുകള്‍ എവിടെയായിരുന്നു എന്നും കണ്ടെത്താനുള്ള ശ്രമം നടത്തേണ്ടത് അനിവാര്യമായ ഒന്നാണ്.  കാല ഘട്ടത്തിന്റെ സ്വാധീനം  വിശ്വാസങ്ങളെയും സംസ്കാരത്തെയും കാര്യമായി ബാധിക്കുമ്പോഴും അതുവഴി നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ നഷ്ടപ്പെടുമ്പോഴും ഇവയെല്ലാം പൂര്‍ണമായും നമ്മില്‍ നിന്നും വിടപറയും മുന്‍പ് ഇതേക്കുറിച്ച് പഠനം നടത്തിയ   എല്‍. കെ .അനന്ത കൃഷ്ണ ഐയെര്‍, എഡ്ഗാര്‍ തെഴ്സ്ടന്‍ ,ഡോ. സീലിയ തോമസ്‌ പെരുംപനാനി , ഡോ.എ. അയ്യപ്പന്‍  എന്നിവര്‍ക്ക് അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തിക്കൊണ്ട് പഴയ സംസ്കാരത്തെക്കുറിച് അജ്ഞരായ പുതിയ ആദിവാസി തലമുറക്കായി ഇത് സമര്‍പ്പിക്കുന്നു.   


                          ***************************************************